+91 9656074400
info@tvIbrahim.com
My Blog

ഉള്ളുതൊട്ട വോട്ടനുഭവങ്ങള്‍.

തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ ഉത്സവമാണ്. നാടിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ ഓരോ പൗരനുംകിട്ടുന്ന അവസരം. സ്വന്തം വിരല്‍തുമ്പില്‍ കൊണ്ടുനടക്കുന്ന സമ്മതിദാനാവകാശം.   ജനാധിപത്യത്തിന്‍റെ പരീക്ഷണങ്ങള്‍ ഇന്ത്യക്കുമുമ്പേ ആരംഭിച്ച പല രാജ്യങ്ങളും ലോകത്തുണ്ട്. ബ്രിട്ടനും ചില യൂറോപ്യന്‍ രാജ്യങ്ങളും ലോകത്തിനു വഴികാണിച്ചവയാണ്. ഇന്ത്യയില്‍ ജനാധിപത്യ സംവിധാനം പുലര്‍ന്നതിനുശേഷം ആ വഴിയിലേക്ക് കടന്നുവന്ന രാജ്യങ്ങളുമുണ്ട്. ജനാധിപത്യ സംസ്കാരവും പൗരാവകാശബോധവും ശക്തമായി നിലനില്‍ക്കുന്ന ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പ്‌ പ്രക്രിയ കേവലം പ്രഹസനമായിത്തീരുന്ന രാജ്യങ്ങളും നമുക്കറിയാം. പാര്‍ട്ടി സര്‍വാധിപത്യം കൊടികുത്തിവാഴുന്ന കമ്യുണിസ്റ്റ് രാജ്യങ്ങള്‍ പലതും ലോകത്ത് ഇന്ന് നിലവിലില്ല. അപ്പോഴും ചൈനയും വിയറ്റ്നാമും ഉത്തരകൊറിയയും പോലെ കമ്മ്യുണിസ്റ്റ് ഏകാധിപതികള്‍ വാഴുന്ന രാജ്യങ്ങള്‍ ഇന്നും ബാക്കിയാണ്. രാജ്യവാഴ്ചകള്‍ക്കു നേരെ ജനാധിപത്യചിന്തകളുടെ അലകളുയര്‍ത്തിവിട്ട മുല്ലപ്പൂവിപ്ലവവും നാം കണ്ടു. ഇന്ത്യന്‍ ജനാധിപത്യം എത്രമേല്‍ ശക്തവും സ്വതത്രവുണെന്നറിയാന്‍ നിരീക്ഷണങ്ങളുടെ ഓരോട്ടപ്രദിക്ഷണം മാത്രം മതിയാകും. നൂറ്റാണ്ടു പിന്നിടുന്ന ജനാധിപത്യ പരീക്ഷണങ്ങള്‍ അതിന്‍റെ എല്ലാ പോരായ്മകളും മറികടക്കുമെന്ന ശുഭപ്രതീക്ഷയാണ് ഓരോ തെരഞ്ഞെടുപ്പും നമുക്ക് നല്‍കുന്നത്. വൈവിധ്യങ്ങളുടെ ഏകോപനമാണ്‌ ഇന്ത്യയിലെ തെരഞ്ഞെടുപ്പു സാധ്യമാക്കുന്ന ഏറ്റവും ഗുണകരമായ അംശം. വ്യത്യസ്ത മതവിശ്വാസികള്‍, എണ്ണമറ്റ ഭാഷകള്‍, വിവിധ സംസ്കാരങ്ങളുടെ പിന്തുടര്‍ച്ചക്കാര്‍, ഭക്ഷണ ശീലങ്ങളിലും വേഷവിധാനങ്ങളിലും വൈവിധ്യം പുലര്‍ത്തുന്നവര്‍, വ്യത്യസ്ത കാലാവസ്ഥകളില്‍ ജീവിക്കുന്നവര്‍, കാര്‍ഷിക വിളകളിലും കൃഷി രീതികളിലും വേറിട്ട ശീലമുള്ളവര്‍, വിവിധ ജീവിതവൃത്തികളിലേര്‍പ്പട്ടവര്‍, ആഘോഷങ്ങളിലും ഉത്സവങ്ങളിലും വ്യതിരിക്തത പുലര്‍ത്തുന്നവര്‍, ഒന്നു മറ്റൊന്നിനോടു സാദൃശ്യമില്ലാത്ത ജീവിതശീലങ്ങളെ പിന്തുടരുമ്പോഴും ഇന്ത്യ എന്ന ഒറ്റ വികാരത്തെ നെഞ്ചോടു ചേര്‍ത്ത് ദേശീയതയായി താദാത്മ്യം പ്രാപിക്കുന്ന ജനത വൈവിധ്യങ്ങളുടെ ബഹുവര്‍ണ്ണങ്ങള്‍ ഉയര്ത്തിപിടിച്ചുകൊണ്ട് ബഹുസ്വരതയെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു.   ജനാധിപത്യത്തിന്‍റെ ഈറ്റില്ലങ്ങളെന്നഭിമാനിക്കുന്ന ലോകരാഷ്ട്രങ്ങളെപ്പോലും അമ്പരപ്പിക്കുന്നവിധം സമാനതകളില്ലാത്തതാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രക്രിയ. ലോകത്ത് മറ്റെങ്ങും മാതൃകകളില്ലാത്ത തനി ഇന്ത്യന്‍ പ്രതിഭാസം. വോട്ടെടുപ്പില്‍ പങ്കാളിയാകാന്‍ അവസരം ലഭിച്ചപ്പോഴൊക്കെ എന്നെ ആവേശം കൊള്ളിച്ചത് ഈ പ്രതിഭാസമാണ്. കന്നി വോട്ടിന്‍റെ ആവേശത്തോടെ ഇന്നും പോളിംഗ് ബൂത്തിലേക്ക് നയിക്കുന്നതും ഇതേ വികാരം തന്നെ. നെഞ്ചിലെ നേരിന്‍റെ ഉറപ്പോടെ വോട്ട് യന്ത്രങ്ങളില്‍ വിരലമര്‍ത്തുമ്പോള്‍, പൗരാവകാശം വിനിയോഗിച്ച മുദ്രയുടെ മഷിയടയാളം ചൂണ്ടുവിരലില്‍ പതിയുമ്പോള്‍ ആകാംക്ഷയോടെ ആദ്യവോട്ടിനായി കാത്തിരുന്നതിന്‍റെ ഓര്‍മ്മകള്‍ എന്നില്‍ മടങ്ങിയെത്തിയെത്തുന്നുണ്ട്.